കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ പരാതി നല്കി യൂത്ത്കോണ്‍ഗ്രസ്.
സംഭവങ്ങള്‍ക്ക് ദൃസാക്ഷിയെന്ന വ്യാജേന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ നേതാവിനെതിരെ ഡിജിപിക്ക് യൂത്ത്കോണ്‍ഗ്രസ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയത്.
കുട്ടിയെ മൈതാനത്ത് കണ്ടെത്തുന്നതിനു തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സിനു മുന്നില്‍ രണ്ട് യുവാക്കളെത്തി പ്രശ്നം ഉണ്ടാക്കിയെന്നും അവര്‍ തട്ടിക്കൊണ്ടുപോകല്‍ സംഘമാണെന്നു സംശയിക്കുന്നു എന്നുമായിരുന്നു വനിതാ നേതാവിന്റെ പ്രചരണം.
യുവാക്കളെത്തിയ കാറിന്റെ നമ്ബറും ഇവര്‍ സൂചിപ്പിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വാര്‍ത്തയില്‍ നിറയാൻ ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും വനിതാ നേതാവിന്റെ വിശദമൊഴി രേഖപ്പെടുത്തണമെന്നും പരാതിയില്‍ യൂത്ത്കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.