പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ടയല്ല പരിഹാരമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് എതിരായ നിലപാടാണ് ഇടത് പാർട്ടികളുടേതെന്നും കാനം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാലും ചെയ്യാൻ പാടില്ലാത്തതാണ് അട്ടപ്പാടിയിൽ പോലീസ് ചെയ്തത്. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്. മണിവാസകം ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളാണെന്നാണ് വിവരം. ഒരു പോലീസുകാരനെങ്കിലും പരിക്കേറ്റിട്ടുണ്ടോ?” എന്നും കാനം ചോദിച്ചു.
മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയ കാനം അർത്ഥശൂന്യമായ നിലപാട് പാടില്ലെന്നും വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണമെന്ന് പറഞ്ഞ കാനം, ജനങ്ങളെ സത്യാവസ്ഥ അറിയിക്കണം എന്നും ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുടെ പ്രവർത്തന രീതികളോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ കാനം, ഇവരുയർത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും പറഞ്ഞു. അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചാൽ അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് നടത്തേണ്ടിയിരുന്നത്. അല്ലാതെ തണ്ടർബോൾട്ട് വധശിക്ഷ വിധിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സിപിഐ സംസ്ഥാന കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടർക്ക് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ രേഖാമൂലം അപേക്ഷ നൽകി. റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്.