കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഒക്ടോബര്‍ 20 വരെയാണ് സ്റ്റേ നീട്ടിയത്. അഭിമുഖത്തില്‍ പ്രിയക്ക് ഒന്നാം റാങ്ക് നല്കിയ ഉത്തരവിനെതിരെ രണ്ടാം റാങ്ക് കാരനായ ചങ്ങനാശേരി എസ്.ബി. കോളേജ് അധ്യാപകന് ഡോ: ജോസഫ് സ്കറിയ നല്കിയ ഹര്‍ജിലാണ് നടപടി.
പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരിചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കു കൂട്ടാനാവില്ലെന്നും യൂജിസി സത്യവാഗ്മൂലം നല്കി. യൂജിസിക്കു വേണ്ടി ഡല്‍ഹിയിലെ യൂജിസി എഡ്യൂക്കേഷന്‍ ഓഫീസറാണ് സത്യവാഗ്മൂലം നല്‍കിയത്.
ഗവേഷണകാലവും, സ്റ്റുഡന്റസ് സര്‍വീസ് ഡയറ ക്റ്റര്‍ കാലയളവും ഒഴിവായാല്‍, എട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജ്ജിയില്‍ പരാതിക്കാരന് ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയ വര്‍ഗീസിനുള്ളത്.
സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കു കൂട്ടാന്‍ പാടുള്ളു വെന്നും സത്യവാഗ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്.
അതേസമയം എതിര് സത്യവാഗ്മൂലം നല്കാന് പ്രിയ വര്‍ഗീസിന് കോടതി സമയം അനുവദിച്ചു. നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു. ഗവര്‍ണര്‍, സര്‍വ്വകലാശാല,പ്രിയ വര്‍ഗീസ്, ഹര്ജിക്കാരന് എന്നിവര്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകരും യുജിസിക്ക് വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സലും കോടതിയില്‍ ഹാജരായി.