തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇടവിട്ട് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഉച്ചയ്ക്കു ശേഷം രണ്ട് മണി മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നല്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്കി. അതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം മിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കും.