കോഴിക്കോട്: മൂത്തൂറ്റ് ഫിനാന്‍സ് സമരത്തില്‍ ട്രേഡ് യൂണിയനെ തകര്‍ക്കാനാണ് മാനേജ്മെന്റ് ശ്രമമെന്നും കേരളം വിടുമെന്ന പ്രസ്താവന ഓലപാമ്പിനെ കാട്ടിയുള്ള ഭീഷണിയാണെന്നും സി.ഐ.ടി.യു സംസ്ഥാനജനറല്‍ സെക്രട്ടറി എളമരം കരീം. മൂത്തൂറ്റ് ഫിനാന്‍സില്‍ സമരം നടത്തുന്നത് സി.ഐ.ടി.യു അല്ല. നോണ്‍ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് എംപ്ലോയീസ് അസോസിയേഷനാണ്. ഇത് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. സമരത്തിന്റെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും സി.ഐ.ടി.യു സമരത്തിന് പിന്തുണ കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാപനം അടച്ചുപൂട്ടി മാനേജ്മെന്റിന് തൊഴിലാളികളെ വഴിയാധാരമാക്കി കേരളം വിടാനൊന്നും പറ്റില്ല. അവരെ സംരക്ഷിക്കാന്‍ ഏത് വഴിയും സ്വീകരിക്കും. ഇത്തരം ഓലപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തിയാല്‍ സമരം പിന്‍വലിക്കുമെന്നാണ് മാനേജ്മെന്റ് കരുതുന്നതെങ്കില്‍ അത് മൂഢത്വമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് ന്യായമായ ഒത്തുതീര്‍പ്പിന് വരണം. കൃത്യമായ ശമ്പള വ്യവസ്ഥയില്ലാതെ, സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനെതിരേ അവിടെയുള്ള ജീവനക്കാന് സ്വയമേവ സമരവുമായി മുന്നോട്ട് വന്നതാണ്. ആരേയും ബലം പ്രയോഗിച്ച് സമരത്തില്‍ പങ്കുചേര്ത്തിട്ടില്ലെന്നും കരീം പറഞ്ഞു.
യൂണിയനെ തകര്‍ക്കാനായി നേതാക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് അനധികൃതമായി സ്ഥലം മാറ്റുകയുണ്ടായി. ഇത് പ്രതികാര നടപടിയുടെ ഭാഗമായിരുന്നു. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനം പോലും കൃത്യമായി നടപ്പിലാക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. യൂണിയനില്‍ അംഗമായവര്‍ക്കും അല്ലാത്തവര്‍ക്കും രണ്ട് തരത്തിലുള്ളതാണ് ശമ്പള വ്യവസ്ഥ. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് 14 ദിവസം മുമ്പ് കമ്പനിക്ക് നോട്ടീസ് നല്കി പണിമുടക്കിലേക്ക് പോയത്. അല്ലാതെ കമ്പനി പറയുന്നത് പോലെ പെട്ടെന്നുള്ള സമരമായിരുന്നില്ല. യൂണിയനെ അംഗീകരിക്കില്ലെന്ന നിലപാട് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ മാനേജ്മെന്റ് ഉചിതമായ തീരുമാനമെടുക്കണമെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.