കൊച്ചി: വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതി കാസര്‍കോട് സ്വദേശി കെസി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. കേസിലെ കൂട്ട് പ്രതികളായ ഹംസയുടെ ഭാര്യ മൈമുന, ബന്ധു അബദുള്ള എന്നിവരുടെ ശിക്ഷ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും ആറുവര്‍ഷം തടവിനായിരുന്നു വിചാരണ കോടതി ശിക്ഷിച്ചിരുന്നത്.
2015ല്‍ കാസര്‍കോട് ജില്ലാ കോടതിയാണ് സഫിയയുടേത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലപാതകമെന്ന് വിലയിരുത്തി ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ ശിക്ഷയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇളവ് ചെയ്തത്. പ്രതി മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടില്ലെന്നതും വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതി മുന്‍ ഉത്തരവുകളെയും അടിസ്ഥാനമാക്കിയാണ് ശിക്ഷാ ഇളവ് .
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കര്‍ണാടക മടിക്കേരി സ്വദേശിയായ പതിമൂന്നുകാരി സഫിയയുടെ കൊലപാതകം. കാസര്‍കോട് മുളിയാര്‍ സ്വദേശി കെസി ഹംസയുടെ വീട്ടിലെ ജോലിക്കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയായിരുന്നു. കാണാതായെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണം ഒന്നര വര്‍ഷം പിന്നിട്ടപ്പോഴാണ് കൊലപാതക കേസാകുന്നത്.
ഗോവയിലെ കരാറുകാരനായ മുളിയാര്‍ മാസ്തികുണ്ടിലെ കെസി ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്നു സഫിയ. വീട്ടിലെ കഷ്ടപ്പാടില്‍ നിന്നും രക്ഷതേടി ബന്ധുക്കള്‍ തന്നെയാണ് ഹംസയുടെ വീട്ടിലെത്തിച്ചത്. 13 കാരിയായ സഫിയയെ ഹംസ തന്റെ ഗോവയിലെ വീട്ടിലെ ജോലിക്കാണ് നിയോഗിച്ചത്. 2006 ഡിസംബറില്‍ മാസ്തിക്കുണ്ടിലെ വീട്ടില്‍ നിന്നും കാണാതായെന്ന് കാണിച്ച് ഹംസ തന്നെ പൊലീസില്‍ പാരാതി നല്കി.
കുട്ടിയുടെ ബന്ധുക്കളേയും വിവരം അറിയിച്ചു. ഒന്നരവര്‍ഷത്തിന് ശേഷവും കേസില്‍ പുരോഗതി ഇല്ലാതായതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിഞ്ഞത്. പരാതിക്കാരനാമ് പ്രതിയെന്ന് വ്യക്തമായി. 2008 ജൂലായ് ഒന്നിന് ഹംസയെ അറസ്റ്റ് ചെയ്തു. ഒരാഴ്ചക്ക് ശേഷം ഗോവയില്‍ നിന്നും സഫിയയുടെ അസ്ഥികൂടം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി ഗോവയിലെ ഡാമിനോട് ചേര്‍ന്ന് ആഴമേറിയ കുഴിയെടുത്താണ് കുഴിച്ചിട്ടത്. സംഭവം നടന്ന് ഒമ്ബത് വര്‍ഷത്തിനുശേഷം വിചാരണക്കോടതി ശിക്ഷ വിധിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് വിലയിരുത്തിയത്. ഒന്നാം പ്രതി ഹംസ്ക്ക് വധശിക്ഷയും മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസ് പൂര്‍ണമായും ശാസ്ത്രീയസാഹചര്യത്തെളിവുകളിലൂടെയാണ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയിക്കപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ കേസായിരുന്നു സഫിയ കേസ്.