വയനാട് ഉരുൾപൊട്ടലിൽ 51 പേരുടെ മൃതദേഹാന്വേഷണം പൂർത്തിയായി. മേപ്പാടിയിലും നിലമ്പൂരിലുമായാണ് ഇത്രയും മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടികൾ വേഗത്തിലാക്കാൻ വയനാട്ടിൽ നിന്നുള്ള ഫോറൻസിക് സംഘത്തിന് പുറമെ കോഴിക്കോട് നിന്നുള്ള ഫോറൻസിക് ഡോക്ടർമാരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയാൻ ജനിതക പരിശോധന നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മോർച്ചറി സൗകര്യവും മൊബൈൽ മോർച്ചറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുരിതബാധിത പ്രദേശങ്ങളിൽ താത്കാലിക ആശുപത്രികൾ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്തെ പോളിടെക്നിക്കിലെ താത്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. പ്രാദേശിക ആശുപത്രികൾക്ക് അധിക ഉപകരണങ്ങൾ നൽകി. വയനാട്ടിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിച്ചു.