മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുറച്ചു ദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടർന്നു 400ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു.
കരളിന് സംഭവിക്കുന്ന ചില തകരാറുകളുടെ ലക്ഷണമാണ് മഞ്ഞപ്പിത്തം. കരളിനകത്ത് നീര് വരുന്ന അവസ്ഥയെയാണ് ഹെപ്പറ്റൈറ്റിസ് എന്നുപറയുന്നത്. മഞ്ഞപ്പിത്തം ഒരു രോഗമാണ് എന്ന് പറയുന്നതിനേക്കാൾ കൃത്യത അത് ഒരു ലക്ഷണമാണ് എന്ന് പറയുന്നതാണ്. പല കാരണങ്ങൾകൊണ്ട് മഞ്ഞപ്പിത്തം വരാം. വൈറസ് ബാധയെ തുടർന്ന് മഞ്ഞപ്പിത്തം ഉണ്ടാകാം. എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും മലേറിയയുടെയും ലക്ഷണമായി മഞ്ഞപ്പിത്തം കാണാം. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങളുടെ സൂചനയായും മഞ്ഞപ്പിത്തം വരാം.