കേരളത്തില്‍ എസ്എസ്എല്‍സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ് ജയിച്ചവരിൽ പല വിദ്യാർഥികൾക്കും എഴുതുവാനും വായിക്കുവാനും അറിയില്ലെന്ന സജി ചെറിയാന്റെ വിമർശനം വസ്തുത വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്ത കുറിപ്പിൽ വ്യക്തമാക്കി.കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉള്‍ക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതല്‍ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആര് ടി അടക്കമുള്ള വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്.സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ട്.
മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.