ഇടുക്കി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ, പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകള്‍ പുറത്ത്. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്.
രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജ്കുമാറിന്റെ കുടുംബത്തിന്റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷി ആലീസിന്റെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പൊലീസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.