വ്ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി. എ.കെ ശശീന്ദ്രനെ കണ്ടു. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനും തയാറാണെന്നും പിതാവ് റാഷിദ് അറിയിച്ചു.
ഭര്‍ത്താവ് മെഹ്നാസ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പിതാവ് റാഷിദ് പറഞ്ഞു. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മാതാവ് ഷെറിനയും പറഞ്ഞു. സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്ലാറ്റിലെത്തിയപ്പോള്‍ കണ്ട കാര്യങ്ങള്‍ മുഴുവന്‍ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരന് റിജുന് വ്യക്തമാക്കി.
”എല്ലാവരും പറയുന്നത് അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്. ഇതിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് തെളിയും. ഒരു കയ്യബദ്ധം പറ്റിയതാകാനാണ് സാധ്യത, പിന്നെ അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിന് പേടിക്കണം. അവരുടെ കുട്ടി ഞങ്ങളുടെ അടുത്താണ്, ഞങ്ങളുടെ അടുത്ത് മെഹ്നാസിന് വരാമല്ലോ? ” റിഫയുടെ പിതാവ് പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് തന്നെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. രണ്ടു കൊല്ലം കഴിഞ്ഞ ശേഷം എന്തായാലും നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. അവള്‍ക്ക് ജീവിക്കാനാഗ്രഹമുണ്ടായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഈ വിവാഹത്തില്‍ കുടുംബക്കാരെല്ലാം എതിരായിരുന്നുവെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മെഹ്നാസിനെതിരെ ഇന്നലെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ അന്വേഷണ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫിനാണ്. റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് ഒന്നിന് ദുബൈ ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ദുബായില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന് ഭര്‍ത്താവ് തെറ്റിദ്ധരിപ്പിച്ചതായി റിഫയുടെ കുടുംബം ആരോപിക്കുന്നു. ഇന്നലെ താമരശേരി ഡിവൈഎസ്പി റിഫയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തിരുന്നു.