തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഫോനിയുടെ പ്രഭാവം കാരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്ക് – പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ഫോനി വടക്ക് – കിഴക്ക് ദിശയിൽ മാറി സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ വിലയിരുത്തൽ. മെയ് 1 ന് ശേഷം ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങും. ഫോനി തീവ്രതയാർജ്ജിക്കുന്ന സാഹചര്യത്തിൽ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മത്സ്യത്തൊഴിലാളികളും പൊതുജനവും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.