കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം തട്ടാനെത്തിയ ആറംഗ സംഘം പിടിയില്‍. എയര്‍പോര്‍ട്ട് പരിസരത്തുവെച്ച് ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, മുഹമ്മദ് സുഹൈല്‍, അമല്‍കുമാര്‍, മുഹമ്മദലി, ബാബുരാജ് എന്നിവരാണ് അറസ്റ്റിലായത്.
കള്ളകടത്ത് സ്വര്‍ണവുമായി വിദേശത്ത് നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം തട്ടാനായിരുന്നു സംഘത്തിന്റെ പദ്ധതി.
സ്വര്‍ണകടത്ത് സംഘത്തില്‍പ്പെട്ട ഒരാളാണ് സംഘത്തെ വിവരമറിയിച്ചത്. തങ്ങളുടെ കൂടെ രണ്ട് പേരുണ്ടെന്നും സ്വര്‍ണം തട്ടിയെടുക്കാമെന്നുമായിരുന്നു സംഘത്തിന് നല്കിയ വിവരം. സംഘത്തിലെ ആറുപേരും കൂടാതെ ഒരാളുമുൾപ്പടെ ഏഴുപേർ ചേർന്ന സ്വര്‍ണം വീതിച്ചെടുക്കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.
സ്വര്‍ണവുമായെത്തിയ യാത്രക്കാരെ ക്സറ്റംസ് വിമാനത്താവളത്തിനകത്ത് വെച്ച് പിടികൂടിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. പിടികൂടിയ യാത്രക്കാരുടെ എക്സ്റേ പരിശോധന നടത്തുന്നതിനായി കസ്റ്റംസ് വാഹനത്തിനടുത്തേക്ക് എത്തിയ സമയത്താണ് സംഘമെത്തിയത്. ഈ സമയം മഫ്തിയിലുണ്ടായിരുന്ന പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലിസ് പറഞ്ഞു.