സംസ്ഥാനത്ത് പലയിടത്തും ഇന്ന് ഭക്ഷ്യവിഷബാധയുണ്ടായി. വയനാട് ലക്കിടിയിലെ ജവഹര്‍ നവോദയ സ്കൂള്‍, തൃശ്ശൂരിലെ ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റല്‍, മൂവാറ്റുപുഴ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കണ്ണൂര്‍ പയ്യന്നൂരിലും കോട്ടയം പമ്പാടിയിലും പശുക്കളിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.
ലക്കിടി ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടികളുടെ സ്രവ സാമ്പിളുകള്‍ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി.
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ആളൂര്‍ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛര്‍ദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തിലാണ്.
ഭക്ഷ്യ വിഷബാധയുണ്ടായതിനെ തുടര്‍ന്ന് മൂവാറ്റുപുഴ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നഗരസഭ അടപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറുപേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു പശു ചത്തു. പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. നാല് പശുക്കള്‍ ഗുരുതരാവസ്ഥയിലാണ്. ക്ഷീരകര്ഷകന് അനിലിന്റെ പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കോട്ടയം പാമ്പാടിയില്‍ മുപ്പതിലേറെ പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെ.എസ് കാലിത്തീറ്റ നല്കിയ പശുക്കള്‍ക്കാണ് രോഗ ലക്ഷണം.