ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കാണ് രോഗബാധ. ചൈനയില്‍നിന്നു തിരിച്ചത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. രോഗിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായി നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.