സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പാർട്ടി പ്രതിനിധികളുടെ വിമർശനങ്ങൾ തുടരുന്നു. വിശ്രമ ജീവിതത്തിൽ ശ്രദ്ധ കിട്ടാൻ വായിൽ തോന്നുന്നത് പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്ന് ആവശ്യം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ സിപിഐഎം കാരനെങ്കിൽ ലോക്കപ്പും ബിജെപിക്കാർ ഉണ്ടെങ്കിൽ തലോടലും ഉറപ്പ്.
തുടർച്ചയായ പിരിവുകൾ കാരണം ബ്രാഞ്ച് സെക്രട്ടറിമാർ സാമ്പത്തിക ബാധ്യതയിൽ. ഓൺലൈൻ ചാനലുകളെ പിന്തുണയ്ക്കുന്ന പാർട്ടി നയം മാറണം, ഇവരുടെ വിചാരണ അതിരുവിടുന്നു. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടതല്ല ദല്ലാൾ നന്ദകുമാറും ആയുള്ള ബന്ധമാണ് പ്രശ്നം. ബിജെപിയിൽ നിന്ന് പാർട്ടിയിലേക്ക് വരുന്നവരുടെ പശ്ചാത്തലം പരിശോധിക്കണം.
പിന്നീട് സംഘർഷം ഉണ്ടാവരുത്. ഏകപക്ഷീയമായി ആളെ ചേർക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും വിമർശനം. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ തമ്മിലടിച്ചത് മിനിറ്റുകൾക്കുള്ളിൽ ചാനൽ വാർത്തയായി. വാർത്ത ചോർത്തിയവരെ കണ്ടെത്താൻ കവടി നിരത്തേണ്ട കാര്യമില്ലെന്നും പ്രതിനിധികൾ അറിയിച്ചു. മുഖ്യമന്ത്രി വൈകിട്ടോടെ സമ്മേളനത്തിന് എത്തിയേക്കും. പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകളിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കും.