കണ്ണൂര്‍: കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിക്കാൻ ശ്രമം ആരംഭിച്ചു. ചൊക്ലി പോലീസ്, പാനൂര്‍ ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.കനകമലയില്‍നിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പൊതുവെ വന്യമൃഗങ്ങള്‍ കാണാത്ത പ്രദേശത്ത് പുലിയിറങ്ങിയ ഭീതിയിലാണ് നാട്ടുകാര്‍.
പുലിയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസറുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചയുടൻ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ പുലിയെ പുറത്തെത്തിക്കും. കിണറ്റില്‍ വെള്ളം കുറവായതിനാല്‍ പുലിക്ക് നില്ക്കാൻ പറ്റുന്ന സ്ഥിതിയാണ്. മറ്റ് പരിക്കുകളൊന്നും ഇല്ലെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കണ്ണൂര്‍ പെരിങ്ങത്തൂരിലെ മാക്കാണ്ടിപീടികയില് നിര്‍മാണത്തിലിരുന്ന മലാല്‍ സുരേഷിന്റെ വീടിന് സമീപത്തെ കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കിണറ്റില്‍ പുലിയാണെന്ന് തിരിച്ചറിഞ്ഞത്.