പത്തനംതിട്ട: വിധിയില്‍ ആശ്വാസമുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യയും കാന്നി തഹസില്‍ദാരുമായ മഞ്ജുഷ. പിപി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല എന്ന തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിക്ക് പിന്നാലെയായിരുന്നു പ്രതികരണം. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും എത്രയും പെട്ടെന്ന് പ്രതിയായ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു.
കുടംബാംഗങ്ങള്‍ വരുന്നതിന് മുമ്പ് ഇന്‍ക്വസ്റ്റ് നടത്തിയതും ഭീഷണി പ്രസംഗത്തില്‍ കളക്ടര്‍ ഇടപെടാത്തതും പ്രാദേശിക ചാനലിനെ കൊണ്ട് പി പി ദിവ്യ വീഡിയോ എടുപ്പിച്ചതും സംശയാസ്പദമാണെന്നും മഞ്ജുഷ പറഞ്ഞു. തങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നീതി തേടി ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു. ഇതാദ്യമാണ് നവീന്‍ ബാബുവിന്റെ മരണ ശേഷം ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരണം നടത്തുന്നത്.