മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എഐവൈഎഫ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. ഇപ്പോൾ സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എഐവൈഎഫിന്റെ വിമർശനം.
പൗരാവകാശങ്ങള്‍ക്കുമേല്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്നും വിമര്‍ശനമുണ്ട്.നവകേരള സദസിനെതിരയും എഐവൈഎഫിൽ വിമർശനം ഉയർന്നിരുന്നു . നവകേരള സദസ് ഇടതുപക്ഷ സ്വഭാവിത്തിലുള്ളതായിരുന്നില്ലെന്നായിരുന്നു വിമർശനം. ‘സപ്ലൈകോ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്തത് വലിയ രീതിയില്‍ തിരിച്ചടിക്ക് ഇടയാക്കി. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള കുടിശ്ശിക നല്‍കാത്തതും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ യഥാസമയം ലഭ്യമാക്കാത്തതും തിരിച്ചടിക്ക് ആക്കം കൂട്ടി. ചില പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ മെല്ലെപ്പോക്ക് സമീപനം കേരളത്തിലെ യുവത്വത്തിനിടയില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചു. ഈ വിഷയം പരിഹരിക്കുന്നതിലുണ്ടായ പോരായ്മ തിരഞ്ഞെടുപ്പിനെ ഒരു പരിധിവരെ ബാധിച്ചു.’സിപിഐയിലും കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും രൂക്ഷ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമർശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നായിരുന്നു ജില്ലാ കൗൺസിലിലെ വിമർശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.