ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. 26കാരനായ സുനിൽ എന്നയാളെയാണ് ആർമി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുള്ളത്. പാകിസ്ഥാനി വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് ഈ വിവരം ആർമി ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇയാൾ പാകിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പാകിസ്ഥാനി വനിത ഇയാൾക്ക് പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സൈബർ വിംഗിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ സ്വദേശികളുമായിട്ടുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും നിരീക്ഷണത്തിലായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് സുനിലിന്റെ വാട്ട്സ് ആപ്പ് ചാറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ആർമി ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.