കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ വയറുവേദനയുമായി എത്തിയ വീട്ടമ്മയ്ക്ക് സ്കാനിംഗ് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷം. സ്കാനിംഗ് സെന്ററിൽ നിന്ന് ജൂൺ 23 എന്ന തീയതിയാണ് എഴുതി നൽകിയത്. നിലവിൽ സ്കാനിംഗിന് സ്ലോട്ട് ഇല്ലെന്നും, നേരത്തെ ബുക്ക് ചെയ്തവർക്കാണ് ഇപ്പോൾ അവസരമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രോഗി ആശുപത്രിയിലെ സ്കാനിംഗ് സെന്ററിൽ എത്തിയത്. ഉടനെ ആവശ്യമെങ്കിൽ സ്വകാര്യ പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കാൻ പറഞ്ഞതായി വീട്ടമ്മ ഷാന്റി റെജികുമാർ പറഞ്ഞു. ഇപ്പോൾ സ്കാനിംഗ് നടത്തുന്നത് മുമ്പ് ബുക്ക് ചെയ്ത രോഗികളെയാണെന്നും പറഞ്ഞെന്നും വീട്ടമ്മ കൂട്ടിച്ചേർത്തു. അതേസമയം വീട്ടമ്മയുടെ പരാതി പരിശോധിക്കുമെന്ന് പരിയാരം മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.