തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതിയാണു മുഖ്യമന്ത്രി പിണറായി വിജയന് ശുപാര്‍ശ നല്‍കിയത്.
ഓഗസ്റ്റ് മൂന്നിനു രാത്രി 12.55 നാണ് ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ടത്. അന്നു ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. അപകടം നടക്കുമ്ബോള്‍ താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാര്‍ ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറിക്കു നല്കിയ വിശദീകരണം. അപകട സമയത്തു താന്‍ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തില്‍ അദ്ദേഹം നിഷേധിച്ചു. മനഃപൂര്‍വമല്ലാത്ത അപകടമാണു സംഭവിച്ചത്. അപകടം ഉണ്ടായ ഉടന്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചു. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ ശ്രീറാം അറിയിച്ചിരുന്നു.
നിലവിലെ ചട്ടമനുസരിച്ച് സര്‍ക്കാരിന് 6 മാസം വരെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുണ്ട്. അതിനുശേഷം ഉദ്യോഗസ്ഥനു കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. ഈ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. കുറ്റപത്രം നല്കിയാല് സസ്പെന്ഷന് റദ്ദാക്കാനാകില്ല.