എറണാകുളം : ചോറ്റാനിക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് എരുവേലി സ്വദേശി ഷൈജുവിനെ പോലീസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ചയാണ് ശാരിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷൈജു തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഷൈജുവിന്റെ ആദ്യ മൊഴി കളവാണെന്ന് തെളിഞ്ഞ പോലീസ് വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നശേഷം മൃതദേഹം ഉത്തരത്തില്‍ കെട്ടിത്തൂക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ആത്മഹത്യയാണെന്ന് പറഞ്ഞ് മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ശാരിയെ സംശയിച്ചിരുന്ന ഇയാള്‍ ഇവരുമായി നിരന്തരം ഇതേചൊല്ലി വഴക്കിടാറുള്ളതായി പോലിസ് കണ്ടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.