കൊച്ചി: ഷെയ്ന് നിഗം അഭിനയിക്കുന്ന രണ്ട് സിനിമകള്‍ ഉപേക്ഷിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. വെയില്, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിക്കുക. നിര്മാതാക്കള്ക്കുണ്ടായ നഷ്ടം ഷെയ്ന് നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. തീരുമാനം അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിച്ചതായും നിര്‍മാതാവ് എം.രഞ്ജിത്ത് പറഞ്ഞു.
മുടങ്ങിയ മൂന്ന് സിനിമകളുടെ നിര്‍മാക്കള്‍ ഷെയിന്‍ നിഗത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ഷെയ്ന് നിരന്തരമായി അച്ചടക്കലംഘനം നടത്തി. സിനിമ ലോക്കേഷനുകളില്‍ വൈകി വരുന്നത് പതിവാണ്. വെയിലിെന്റ ലോക്കേഷനില്‍ നിന്ന് കാരണം പറയാതെ ഇറങ്ങി പോയെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു.
മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആരോപിച്ചു. പുതുതലമുറ നടന്മാരില് ചിലര്‍ ലഹരി ഉപയോഗിക്കുന്നു. സിനിമ ലൊക്കേഷനുകളില്‍ ലഹരിമരുന്ന്പരിശോധന വേണം. എല്‍.എസ്.ഡി പോലുള്ള ലഹരിമരുന്നുകള്‍ നിരീക്ഷണത്തില്‍ കണ്ടെത്താനാവില്ലെന്നും അവര്‍ പറഞ്ഞു.