ന്യൂഡല്‍ഹി : എന്‍ഡിഎ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ബിജെപി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനൊപ്പമാണ് തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ അടക്കമുള്ള കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ വന്നിട്ടും ബിഡിജെഎസ് ആദ്യ സര്‍ക്കാരിന്റെ കാലത്ത് മുതല്‍ ആവശ്യപ്പെട്ടിരുന്ന പദവികളൊന്നും നല്‍കാത്തതാണ് ഇടയാന്‍ കാരണം.
ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍ഡിഎ യോഗത്തില്‍ നിന്നും തുഷാര്‍ വെള്ളാപ്പള്ളി വിട്ടുനിന്നിരുന്നു. എന്‍ഡിഎയില്‍ ബിഡിജെഎസിന്റെ സീറ്റായ അരൂരില്‍ മല്‍സരിക്കുന്ന കാര്യത്തിലും പാര്‍ട്ടി ആവേശം കാണിക്കുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ അരൂരില്‍ മല്‍സരിക്കേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
രാജ്യസഭാംഗത്വവും ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുലഭിച്ചാല്‍ ബിഡിജെഎസ് അരൂരില്‍ മല്‍സരിക്കും. മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ടി അനിയപ്പന് നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. ബിഡിജെഎസിന്റെ ആവശ്യങ്ങളിന്മേല് ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നും വ്യക്തമായ ഉറപ്പുനല്‍കിയാല്‍ 30 ന് നാമനിര്‍ദേശ പത്രിക നല്‍കാനാണ് തീരുമാനം.
ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം ബദല്‍ സാധ്യതകളും ആലോചിക്കുന്നുണ്ട്. ബിഡിജെഎസ് മല്‍സരിച്ചില്ലെങ്കില്‍ ബിജെപി മണ്ഡലം ഏറ്റെടുക്കും. അരൂരിലെ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് യുവനേതാവിനെ ബിജെപി കണ്ടെത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തിനായി കാക്കുകയാണ്. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. തുഷാര്‍വെള്ളാപ്പള്ളി ഡല്‍ഹിക്ക് പോയത് എന്തിനെന്ന് അയാളോട് ചോദിക്കണമെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു.