പത്തനാപുരം : അമ്മയ്ക്കും അനുജനുമൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ഏഴുവയസ്സുകാരന് ബസ് മാറിക്കയറിപ്പോയത് ബന്ധുക്കളെയും പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഒരുമണിക്കൂറിനുശേഷം കിലോമീറ്ററുകള്‍ക്കപ്പുറം കോന്നിയില്‍നിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി.
പത്തനാപുരം പട്ടണത്തില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. തട്ടാക്കുടി സ്വദേശിയായ വീട്ടമ്മ രണ്ടുകുട്ടികളുമൊത്ത് നാട്ടിലേക്കുള്ള ബസ് കാത്തുനില്ക്കുകയായിരുന്നു. വീട്ടമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കുന്നതിനിടെ, സ്റ്റോപ്പില്‍വന്നുനിന്ന ബസില്‍ കുട്ടി കയറുകയായിരുന്നു. പത്തനംതിട്ട ഭാഗത്തേക്കുള്ള ഈ ബസ് പുറപ്പെട്ടശേഷമാണ് കുട്ടി സമീപത്ത് ഇല്ലെന്ന കാര്യം അമ്മ അറിയുന്നത്. നിലവിളിയോടെ തിരക്കില്‍ കുട്ടിയെ തിരയുന്നത് കണ്ടപ്പോഴാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ഉയര്‍ന്നതോടെ തടിച്ചുകൂടിയവര്‍ കുട്ടിയുടെ ചിത്രംസഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പത്തനാപുരം പോലീസിലും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. അതുവഴി കടന്നുപോയ ബസുകളില്‍ തിരച്ചില്‍ തുടങ്ങി. കോന്നിയില്‍ വച്ച് പോലീസ് പരിഭ്രാന്തനായ കുട്ടിയെ കണ്ടെത്തി പത്തനാപുരം പോലീസിനെ അറിയിച്ചു. സി.ഐ.യും പോലീസുകാരും അമ്മയെയും കൂട്ടി കോന്നിയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. അമ്മയും ഒപ്പമുണ്ടെന്ന ധാരണയിലാണ് കുട്ടി ബസില്‍ കയറിയത്.