തിരുവനന്തപുരം: സൈബര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചെന്ന് വി മുരളീധരന്‍. നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് പോസ്റ്റിട്ടതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും അത് ഒരു രാഷ്ട്രീയ കക്ഷിയ്ക്കുള്ള പിന്തുണയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ കുറിച്ചു.
അസഹിഷ്ണുതയില്‍ നിന്നുമുണ്ടാകുന്ന സൈബര്‍ ആക്രമണമാണ് പ്രധാനമന്ത്രിയെ അനുമോദിച്ചതിന് ഉണ്ണി മുകുന്ദനും മേജര്‍ രവിക്കുമെതിരെ ഉണ്ടായതെന്ന് വി മുരളീധരന്‍ പറഞ്ഞു. നടന്‍ ബിജു മേനോന്‍ എതിരെയും ഇതുണ്ടായിട്ടുണ്ട്. അഭിപ്രായ പ്രകടനങ്ങളെ അധിക്ഷേപിക്കുന്നത് അദ്ദേഹത്തിന്‍റെ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ്. പ്രതികരണശേഷിയുള്ള കലാകാരന്മാരുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെ കേരളീയ സമൂഹം പ്രതികരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.