ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. ആവശ്യപ്പെട്ടതിലും നേരത്തെയാണ് മൂവരും എക്സൈസ് ഓഫീസിലെത്തിയത്. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസിൽ ഹാജരാകാനായിരുന്നു മൂവർക്കും നിർദേശം നൽകിയിരുന്നത്. മൂന്ന് പേരെയും മൂന്ന് മുറികളിലായി പ്രത്യേകമായിരിക്കും ചോദ്യം ചെയ്യുക. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ആദ്യം ചോദ്യം ചെയ്യുക ഷൈൻ ടോം ചാക്കോയെ ആയിരിക്കും.
ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയത്. തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നടന്മാരുമായി ബന്ധപ്പെട്ട ചാറ്റുകളും കോളുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. ബിഗ് ബോസ് താരം ജിന്റോയോട് നാളെ ചോദ്യം ചെയ്യാൻ എത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്.