തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമിടീച്ച സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയോട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ വിശദീകരണം തേടി. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം. കണ്ണൂര്‍ അഴിക്കക്കലില്‍ തുറന്നിരുന്ന കടയ്ക്കു മുന്പില് കൂട്ടംകൂടി നിന്നവരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏത്തമിടീച്ചത്.
വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്.ഇതിനിടെയാണ് കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ ഇവരില്‍ ചിലര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ബാക്കിയുണ്ടായിരുന്നവരെയാണ് ഏത്തമിടീപ്പിച്ചത്.