കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മുസ്ലിംലീഗിന് മൂന്നാം സീറ്റില്ല. പകരം രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന അടുത്ത സീറ്റ് ലീഗിന് നല്കാന് ധാരണ. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ പോലെ 16 സീറ്റുകളില്‍ മത്സരിക്കും. ഒരോ സീറ്റില്‍ വീതം കേരള കോണ്‍ഗ്രസും(കോട്ടയം) ആര്‍എസ്പിയും(കൊല്ലം) മത്സരിക്കും. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെയും കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനേയും സ്ഥാനാര്‍ഥികളായി അതാത് പാര്‍ട്ടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കേണ്ടതാണ്. അത് മുസ്ലിം ലീഗിന് കൊടുക്കും. അത് കഴിഞ്ഞ് ഒഴിവ് വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. യുഡിഎഫ് ഭരണത്തില്‍ വരുമ്പോഴൊക്കെ മൂന്ന് സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റ് ലീഗിനുമാണ് ലഭിക്കാറുള്ളത്. അധികാരത്തില്‍ വന്നാല്‍ ആ ഫോര്‍മുല ഉറപ്പാക്കുമെന്ന് സതീശന് പറഞ്ഞു.
മൂന്നാമതൊരു ലോക്സഭാ സീറ്റ് ലീഗ് ആഗ്രഹിച്ചിരുന്നു. അത് കൊടുക്കണമെന്ന് തങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളാണ് അതിന് തടസ്സമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.