തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പി ആര് അരവിന്ദാക്ഷന്റെയും അക്കൗണ്ടന്റ് സി കെ ജില്‍സിന്റെയും ജാമ്യപേക്ഷ തള്ളി. കേസിലെ മൂന്നും, നാലും പ്രതികളാണ് ഇവര്‍. കലൂര്‍ പിഎംഎല്‍എ കോടതിയാണ് ജാമ്യം നിഷേധിച്ചത്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പി ആര് അരവിന്ദാക്ഷന് കോടതിയില്‍ ആരോപിച്ചിരുന്നു. ഇ ഡി കഥ മെനയുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന് കോടതിയില്‍ പറഞ്ഞു.
തന്റെ അമ്മ ചന്ദ്രമതിയുടെ അക്കൗണ്ടിലൂടെ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നെന്ന് ഇ ഡി തെറ്റിദ്ധരിപ്പിച്ചെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അരവിന്ദാക്ഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ബാങ്ക് സെക്രട്ടറി അന്വേഷണ ഏജന്‍സിയെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യമാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.