പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായി തെറ്റായ പ്രചാരവേല നടത്തുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചട്ടുകമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്റെ ആരോപണങ്ങളാണ് അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.
അന്‍വര്‍ എഴുതിക്കൊടുത്ത പരാതി സംബന്ധിച്ച് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തത്. പാര്‍ട്ടി അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കാനാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കില്ലെന്നും ഇന്നലെത്തന്നെ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ നിലപാട് സ്വീകരിച്ചാല്‍ പിന്നെ തങ്ങള്‍ എന്ത് നിലപാട് ഇതിന്മേല് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് അന്‍വറിനെ പുറന്തള്ളണമെന്ന് അഭിപ്രായം അന്നും ഇന്നും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.