അൻവറിൻ്റെ വിഷയത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ മെമ്പറും മറുപടി പറഞ്ഞ് കഴിഞ്ഞു, മറ്റൊന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ന് ലോക ടൂറിസം ദിനമാണെന്നും എല്ലാവർക്കും ടൂറിസം ദിനാശംസകൾ എന്നും മന്ത്രി ലളിതമായി മറുപടി നൽകി.
ഇന്നലെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും ഉന്നമിട്ട് പി.വി അൻവർ എംഎൽഎ രംഗത്തെത്തിയിരുന്നു. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. പാർട്ടി നിലനിൽക്കണം. ഒരു റിയാസിനെ ഉണ്ടാക്കാനല്ല ഇവിടെ പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും അതിന്റെ ബാക്കിയുള്ളവരെയും താങ്ങി നിർത്താനല്ല കമ്മ്യൂണിസ്റ്റ് പാർട്ടി.
അങ്ങനെ ആരെങ്കിലും ധരിക്കുകയോ അതിനുവേണ്ടി പി.വി അൻവറിന്റെ നെഞ്ചത്തേക്ക് കയറാൻ വരികയും വേണ്ട. ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ തീരുമാനിക്കട്ടെയെന്നും അൻവർ പറഞ്ഞു. മരുമകൻ മുഹമ്മദ് റിയാസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുകയാണെന്ന് പിവി അൻവർ ആരോപിച്ചു. ഈ രീതിയിലാണ് പോകുന്നതെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പാർട്ടിക്ക് റിയാസ് മാത്രം മതിയോ എന്നും പി.വി അൻവർ ചോദിച്ചു.