അയ്യപ്പനെ കാണാന്‍ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി വീണ്ടുംഎത്തി. ഇത് മൂന്നാം തവണയാണ് മേരിയുടെ മലകയറ്റം. എന്നാല്‍ നിരാശയാണ് ഫലം. ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ മേരി സ്വീറ്റിക്ക് മടങ്ങേണ്ടി വന്നു. ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് പത്തനംതിട്ടയില്‍ നിന്നും പമ്പയിലേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ കാഷായ വസ്ത്രം ധരിച്ചാണ് മേരി സ്വീറ്റി കയറിയത്. പമ്പയിലേയ്ക്ക് ടിക്കറ്റും എടുത്തിരുന്നു. കന്നിമാസ പൂജയ്ക്ക് അഞ്ചു ദിവസം നട തുറന്ന ശേഷം ദിവസങ്ങള്‍ക്ക് ശേഷം നട അടച്ചിരുന്നു ഇതൊന്നും അറിയാതെയാണ് മേരി സ്വീറ്റി അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയത്.
പമ്പയിലേയ്ക്ക് പോകുമ്പോഴുണ്ടാകുന്ന അപകടത്തെ കുറിച്ചു ബസിലെ യാത്രക്കാര്‍ മേരിയെ അറിയിച്ചതോടെ ഇവര്‍ ആങ്ങാമൂഴിയില്‍ ഇറങ്ങി നടന്നു നീങ്ങുകയുമായിരുന്നു. റോഡില്‍ ചുറ്റിത്തിരിഞ്ഞു നടന്ന മേരിയെ പ്രദേശവാസികള്‍ വളയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ പെരിനാട് പോലീസ് വിവരമറിഞ്ഞെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
തുടര്‍ന്ന് മേരി സ്വീറ്റിയെ രാത്രി തന്നെ അവിടെ നിന്നും പത്തനംതിട്ട വനിതാ സെല്ലിലേയ്ക്ക് കൈമാറി. ഇപ്പോള്‍ ശബരിമല നട തുറന്നിട്ടില്ലെന്ന് അറിയിച്ചുവെങ്കിലും തനിക്ക് കലിയുഗവരദനെ ഒരുനോക്ക് കണ്ടാല്‍ മതിയെന്നായി ആവശ്യം. തുടര്‍ന്ന് പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ പോലീസ് ആശ്വസിപ്പിച്ച് തിരുവനന്തപുരത്തേയ്ക്ക് മടക്കി അയച്ചു. മടക്കയാത്രയില്‍ അടൂര്‍ വരെ വനിതാ പോലീസും അനുഗമിച്ചു. ഇനി നടതുറക്കുമ്പോള്‍ വിളിക്കണേ.. എന്ന് പറഞ്ഞാണ് സ്വീറ്റി മടങ്ങിയത്.
പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശിപ്പിക്കാം എന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ ഒട്ടനവധി സ്ത്രീകള്‍ക്ക് മലകയറാനാകാതെ മടങ്ങാനായിരുന്നു യോഗം.