തിരുവനന്തപുരം: അമ്പൂരിയിൽ രാഖി എന്ന പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി രാഹുൽ അറസ്റ്റിൽ. പൂവാർ പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഖി പ്രണയത്തിലായിരുന്ന സൈനികൻ അഖിലിന്റെ സഹോദരനാണ് രാഹുൽ. കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിലിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രാഹുൽ കീഴടങ്ങിയെന്ന് അച്ഛൻ മണിയൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
താൻ രാഖിയെ കൊന്നിട്ടില്ല എന്ന് തന്നെയാണ് അഖിൽ പറയുന്നതെന്നാണ് അച്ഛൻ മണിയൻ പറയുന്നത്. എന്നാൽ അറസ്റ്റിലായ രാഹുൽ കുറ്റം സമ്മതിച്ചുകൊണ്ടാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കാറിൽ വച്ച് കഴുത്തു ഞെരിച്ചാണ് രാഖിയെ കൊലപ്പെടുത്തിയത്. മരിച്ചെന്നുറപ്പായപ്പോൾ പറമ്പിൽ കുഴിച്ചുമൂടിയെന്നും രാഹുൽ പൊലീസിനോട് സമ്മതിച്ചു.
അഖിലിനെ കണ്ടെത്താൻ ദില്ലി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെയും രാഹുലിന്റെയും അച്ഛൻ മണിയൻ രംഗത്തെത്തി. മകൻ നിരപരാധിയാണെന്നും മണിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ സംശയം.