കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി. ആശുപത്രി ഉപകരണങ്ങളുടെ ഡീലർ സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പക്കല്‍ നിന്നും കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഏഴു ലക്ഷം രൂപയാണ് കണ്ടെടുത്തത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്.
രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ പറഞ്ഞു. കൊലപാതക ശേഷം അമ്പിളി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ എത്തുന്നതിന്റെ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി അമ്പിളി എന്ന സജികുമാറിന് സര്‍ജിക്കല്‍ ബ്ലേഡ് നല്കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.അമ്പിളി കുറ്റസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തിൽ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.