വീട്ടിലെ മാലിന്യം പഞ്ചായത്ത് അംഗം സ്കൂട്ടറിൽ കൊണ്ടുവന്നു പൊതുസ്ഥലത്ത് തള്ളിയതായി പരാതി. അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 13-ാം വാർഡ് മെമ്പർ സുധാകരൻ പിഎസ് ആണ് മാലിന്യം തള്ളിയത്.
മാലിന്യം സ്കൂട്ടറിൽ കൊണ്ടുവന്ന് ആവോലി പഞ്ചായത്ത് പ്രദേശത്താണ് തള്ളിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സുധാകരനെ കൊണ്ട് പഞ്ചായത്ത് 1000 രൂപ പിഴയടപ്പിച്ചു. എന്നാൽ 10,000 രൂപ മെമ്പറിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.ദൃശ്യങ്ങൾ സഹിതം ആവോലി പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാൻ തയാറായില്ല. സംസ്ഥാന സർക്കാരും സിപിഐഎമ്മും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ബോധവത്കരണം തുടരുമ്പോഴാണ് സിപിഐഎം പഞ്ചായത്തംഗം തന്നെ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത്.