മേയര്‍ -ഡ്രൈവര്‍ തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന് ദേവിനെതിരെ സാക്ഷിമൊഴി. സംഭവം നടക്കുമ്പോള്‍ എംഎല്‍എ ബസില്‍ കയറിയെന്നാണ് മൊഴിയുള്ളത്.ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ പേരുടെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു. ബസ്സിലെ ഡ്രൈവര്‍ ആംഗ്യം കാണിച്ചാല്‍ മുന്നില്‍ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് പരിശോധന.അതേ സമയം, മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.