സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 407 പേരാണ് ഹോം ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ പേർ ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിച്ചിരിക്കുന്നത്. 237 പേരാണ് എറണാകുളത്ത് മാത്രം നിയമലംഘനം നടത്തിയത്.
കൊവിഡ് വ്യാപനം രൂക്ഷമായ കാസർകോട് ജില്ലയിൽ 86 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാസ്ക് ധരിക്കാൻ മടി കാണിക്കുന്നവരുടെ എണ്ണവും ഗണ്യമായി കൂടുകയാണ്. പത്ത് ദിവസം കൊണ്ട് 30,000 പേർക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് കേസെടുത്തത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകളുള്ളത്.