എറണാകുളം കാലടി സംസ്കൃത സർവ്വകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായി സ്ഥാപിച്ച ഫ്ളക്സ് സംബന്ധിച്ച് വിവരം തേടി കേന്ദ്ര ഇന്റലിജന്റ്സ്. പ്രധാനമന്ത്രിക്കെതിര സ്ഥാപിച്ച ഫ്ളക്സ് ബോർഡിലാണ് അന്വേഷണം. ഫ്ലക്സ് സ്ഥാപിച്ചവർക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസും. ഗുജാറാത്ത് കലാപവും ബാബറി വിഷയവും പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് ഫ്ലക്സ്. ഫ്ലക്സിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
കാലടി സർവ്വകലാശാലയുടെ കവാടത്തിലാണ് ഇന്നലെ രാവിലെയോടെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. നാലു കൈകളുള്ള മോദിയാണ് ഫ്ലക്സ് ബോർഡ്. ഒരു കൈയിൽ ത്രിശൂലത്തിൽ കുത്തിയ നവജാതശിശു, ഒന്നിൽ ബാബറി മസ്ജിദിന്റെ മിനാരങ്ങൾ. മറ്റ് കൈകളിൽ തൂക്കുകയറും താമരയും എന്നിങ്ങനെയാണ് മോദിയെ ഫ്ലക്സ് ബോർഡിൽ ചിത്രീകരിച്ചിരിക്കുന്നത്. സർവ്വകലാശാല കലോത്സവം ആരംഭിക്കാനിരിക്കെയാണ് കവാടത്തിൽ ഫ്ളക്സുയർന്നത്.
സംഭവത്തിൽ കലാപഹ്വാനത്തിന് പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്ഐയാണ് ഫ്ലക്സ് ബോർഡിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ബിജെപിയുടെ ആരോപണം നിഷേധിച്ച് എസ്എഫ്ഐ രംഗത്തെത്തി. ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. കാലടി സർവകലാശാലയിൽ ബിജെപി നടത്തിയ മാർച്ചിനിടെ സംഘർഷം ഉണ്ടായി. വിദ്യാർത്ഥികൾക്ക് മർദനമേറ്റിരുന്നു.