കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി പിണറായി വിജയന്. കേന്ദ്രകമ്മിറ്റിയില്‍ മാത്രമാണ് ഇളവ് നല്‍കിയതെന്നും സംസ്ഥാനത്ത് ഇളവ് ഒന്നും നല്‍കിയിട്ടില്ലെന്ന് പിണറായി വിജയന് ശ്രീമതിയെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഈ മാസം 19ന് ചേര്‍ന്ന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വിലക്കിയത്.
സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗമായി ഇക്കഴിഞ്ഞ മധുര പാര്‍ട്ടി കോണ്‍ഗ്രസാണ് പി കെ ശ്രീമതിയെ നിലനിര്‍ത്തിയത്. പ്രായപരിധി ഇളവ് അനുവദിച്ചായിരുന്നു ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നത് പതിവാണ്.എന്നാല്‍ ശ്രീമതിയെ പിണറായി വിലക്കുകയായിരുന്നു. സംസ്ഥാനത്ത് ഇളവ് ഒന്നുമില്ലന്നായിരുന്നു പിണറായിയുടെ നിലപാട്.
പിണറായി വിജയന് ഇത്തരമൊരു നിലപാട് പറഞ്ഞപ്പോള്‍ മറ്റ് നേതാക്കളൊന്നും പ്രതികരിച്ചില്ല. എന്നാല്‍ ജനറല്‍ സെക്രട്ടറി എം എ ബേബിയോടും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോടും ചോദിച്ചപ്പോള്‍ സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കാം എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് താന്‍ എത്തിയതെന്നായിരുന്നു പി കെ ശ്രീമതിയുടെ വാദം. എന്നാല്‍ കേരളത്തില്‍ ഇളവൊന്നുമില്ല, കേന്ദ്ര കമ്മറ്റിയില്‍ മാത്രമാണ് ഇളവെന്ന വാദത്തില്‍ മുഖ്യമന്ത്രി ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ യോഗത്തില്‍ പങ്കെടുക്കാതെ ശ്രീമതി മടങ്ങി.