തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ സിപിഎം കടുത്ത പ്രതിരോധത്തിലാണ്.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ബൂത്തില്‍ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ഇതില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇതോടെ കള്ളവോട്ട് വിവാദത്തില്‍ സൈബര്‍ ലോകത്തും ട്രോളുകളും വിമര്‍നങ്ങളും ശക്തമായി ഉയരുന്നുണ്ട്.
വിഷയത്തില്‍ സിപിഎമ്മിനെ കൊട്ടി കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥും രംഗത്തെത്തി. സിപിഎം ആചാരം തെറ്റിച്ചില്ലെന്ന് പറഞ്ഞു കൊണ്ടാണ് വിഷ്ണു രംഗത്തുവന്നത്.
വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു; മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇനി സാംസ്കാരിക നായകന്മാര്ക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താന്‍ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . ”കള്ളവോട്ടും കലയും” എന്ന വിഷയത്തില്‍ ദേശിയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍, കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.
കള്ളവോട്ട് ആരോപണത്തില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകള്‍ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനിന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിലധികം തവണ വോട്ട് ചെയ്യുന്ന വീഡിയോയാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. ആറ് പേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കണ്ണൂര്‍ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ സലീന എംപിയും മുന്‍ ജനപ്രതിനിധിയായ സുമയ്യ കെ.പി എന്നിവരാണ് കള്ളവോട്ട് ചെയ്യുന്നത്. ചില വോട്ടര്‍മാര്‍ മണിക്കൂറുകളോളം വരിയില്‍ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ വോട്ട് നേരത്തെ തന്നെ മറ്റാരോ ചെയ്തെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് മടങ്ങേണ്ടി വന്നത്.