റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കിയതിന് കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി അഭിനന്ദിച്ചത്. പാർലമെന്റ് മന്ദിരത്തിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. റേഷൻ കാർഡ് മസ്റ്ററിങ്ങിനുള്ള കാലാവധി കുറഞ്ഞത് മേയ് 31 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചു.
മാർച്ച് 31 നു മസ്റ്ററിങ്ങിനുള്ള കാലാവധി അവസാനിരിക്കെയാണ് സംസ്ഥാനത്തെ കാർഡുടമകളിൽ 94 ശതമാനമാണ് നിലവിൽ മസ്റ്ററിങ് പൂർത്തിയാക്കിയത്. ഉൾപ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ് മസ്റ്ററിങ്ങിൽ പിന്നിൽ. അതുകൊണ്ടുതന്നെ പരമാവധി റേഷൻ കാർഡ് ഉടമകളെ മസ്റ്ററിങ് നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. മസ്റ്ററിങ് തീയതി ദീർഘിപ്പിച്ചു ലഭിച്ചാൽ സർക്കാരിന് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ഇതുസംബന്ധിച്ച സെക്രട്ടറി തലത്തിൽ ചർച്ചകൾ നടത്തി ആവശ്യമെങ്കിൽ തീയതി നീട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന് മന്ത്രി അറിയിച്ചു.
2022-23 സാമ്പത്തികവർഷം ഹൈദരാബാദ് എൻ.ഐ.സി. നൽകിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുവച്ചിരിക്കുന്ന 207.56 കോടി രൂപ കേരളത്തിനു അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിക്ക് അനുകൂല നിലപാടാണ്. ഭക്ഷ്യധാന്യങ്ങൾക്ക് പകരം റേഷൻ കാർഡുടമയ്ക്ക് അതിനു തത്തുല്യമായ പണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതയി മന്ത്രി അറിയിച്ചു.