തിരുവല്ല: അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളിൽ പാര്‍ട്ടി നിലപാടിൽ പ്രതിഷേധിച്ചതാണ് അക്കീരമൺ ബിഡിജെഎസ് വിടുന്നത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമൺ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിഡിജെഎസ്സിൽ മുന്നോക്കക്കാര്‍ക്കും പിന്നോക്കവിഭാഗങ്ങൾക്കും രണ്ടുതരം നീതിയാണെന്ന് അക്കീരമൺ തിരുവല്ലയിൽ പറഞ്ഞു.
നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ബിഡിജെഎസ്സിൽ തുല്യ നീതിയില്ലെന്നാണ് അക്കീരമണിന്റെ വിമര്‍ശനം. മുന്നോക്ക സംവരണം, ശബരിമല സ്ത്രീ പ്രവേശനം എന്നീ വിഷയങ്ങളിൽ എൻഎസ്എസ്സിന് ബിഡിജെഎസ്സിനേക്കാൾ വ്യക്തമായ നിലപാടുണ്ടെന്ന് പറയുന്ന അക്കീരമൺ സ്വന്തം നിലപാട് പാര്‍ട്ടി നിലപാടിനോട് യോജിച്ച് പോകാത്തതിനാൽ ബിഡിജെഎസ് വിടുകയാണെന്ന് വ്യക്തമാക്കി.