പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മകളെ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ അമ്മക്കെതിരെ കേസെടുക്കാൻ ഉത്തരവ്. പന്തളം കാരക്കാട് സ്വദേശി പ്രിൻസി ജേക്കബ്ബിനെതിരെ കേസെടുക്കാൻ പത്തനംതിട്ട പോക്സോ കോടതിയാണ് ഉത്തരവിട്ടത്. കേസിൽ കുട്ടിയുടെ അച്ഛനെ കൂടാതെ രണ്ടാം പ്രതിയായ അച്ഛന്റെ സുഹൃത്തിനേയും കോടതി വെറുതെ വിട്ടു.
ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ അച്ഛനും സുഹൃത്തും ചേർന്ന് ലൈംഗികമായി പീഡിച്ചെന്നായിരുന്നു അമ്മയുടെ പരാതി. വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാൾ അമ്മക്കൊപ്പവും മറ്റേ ആൾ അച്ഛനൊപ്പവുമായിരുന്നു. അമ്മയുടെ കൂടെ താമസിച്ചിരുന്ന മകളെ 2016-ൽ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് അച്ഛൻ പറന്തൽ സ്വദേശി ഗീവർഗ്ഗീസിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയിൽ പീഡനം നടന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ അമ്മയെ സാക്ഷിയാക്കി കോടതി വിളിച്ചു വരുത്തി വിസ്തരിക്കുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അമ്മക്കെതിരെ കേസ്സെടുക്കാൻ പോക്സോ കോടതി ജഡ്ജി സനു എസ് പണിക്കർ ഉത്തരവിട്ടു.
ഭർത്താവിനോടുള്ള വിരോധമാണ് മകളെ വച്ച് കേസ് നല്കാന് അമ്മയെ പ്രേരിപ്പിച്ചത്. പ്രിൻസിയുടെ സഹോദരന് സുരേഷ് കുമാറിനോട് ഉണ്ടായിരുന്ന ശത്രുതയാണ് ഇയാൾക്കെതിരെയും പരാതി നൽകാൻ കാരണം. പോക്സോ കേസ്സ് വന്നതിന് പിന്നാലെ രണ്ടാം പ്രതിയായ സുരേഷ് കുമാറിന്റെ ഭാര്യയും മകളും ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയിരുന്നു.