തൃശൂര്‍ : വലയ സൂര്യഗ്രഹണം ആയതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് രാവിലെ മൂന്നര മണിക്കൂര്‍ അടച്ചിടും. ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിന് ക്ഷേത്രനട അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30ന് മാത്രമേ നട തുറക്കുകയുള്ളുവെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
വഴിപാട് നടത്തിയവര്‍ പ്രസാദം രാവിലെ എട്ടിന് മുന്‍പു വാങ്ങണം. വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ രാവിലെ എട്ടിന് മുന്‍പ് നടത്തണമെന്നും ദേവസ്വം അറിയിച്ചു. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമെ വിതരണം ചെയ്യൂ. ഉച്ചയ്ക്ക് പ്രസാദ ഊട്ടില്ല. തൃമധുരം, പാല്പായസം വഴിപാടുകള്‍ വ്യാഴാഴ്ച ശീട്ടാക്കില്ല. രാവിലെ 8.07 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം.
സൂര്യഗ്രഹണം പ്രമാണിച്ച് ശബരിമല നടയും നാലുമണിക്കൂര്‍ അടച്ചിടും. രാവിലെ 7.30 മുതല്‍ 11.30 വരെയാണ് ശബരിമല നട അടച്ചിടുക. സൂര്യഗ്രഹണ ദിനമായ നാളെ പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം. ഉഷപൂജ കഴിച്ച് 7.30ന് നട അടയ്ക്കും. രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അയ്യപ്പനെയ്യഭിഷേകം. കളഭാഭിഷേകം അതിന് ശേഷം ഉച്ചപൂജ.അത് കഴിഞ്ഞ് നട അടയ്ക്കും.
മാളികപ്പുറം, പമ്ബ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍11.30 വരെ നട അടച്ചിടും. അന്നുവൈകീട്ട് ശ്രീകോവില്‍ അഞ്ച് മണിക്കാവും തുറക്കുക. തങ്ക അങ്കി സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ അഞ്ചരയോടെ നടയില്‍ എത്തി ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും. 6 മണിയോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ സ്വീകരണം നല്കി ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25ന് തങ്ക അങ്കപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്ര തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും.