പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്കി ആം ആദ്മി പാര്‍ട്ടി. എഎപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് നിര്‍ണായക നീക്കം നടത്തിയത്. കണ്ണൂര്‍ ധര്‍മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ച ഉപകരാറുകളിന്‍മേലുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടിയുടെ ഉപകരാറുകളില്‍ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരാറുകള്‍ ലഭിച്ചത് ഈ കമ്പനിക്കാണ്. അതില്‍ ദുരൂഹതയുണ്ട്, ഇതിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം എന്നൊക്കെയാണ് ആവശ്യം. 2021 ജൂലൈ രണ്ടിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്. അതിനു പിന്നാലെ പൊതു മേഖല സ്ഥാപനമായ സില്‍ക് വഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും, നിര്‍മാണ പ്രവര്‍ത്തികളും എല്ലാം ഒരേ സ്ഥാപനത്തിന് ഉപകരാര്‍ ലഭിക്കുന്നു. ഇത് സംശയകരമാണ്. സില്‍ക്കിന് ഈ ഇനത്തില്‍ ചെറിയ തുകയാണ് ലഭിച്ചത്. ബാക്കി 12 കോടി 44 ലക്ഷം രൂപയും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ഒരേ കമ്പനിക്ക് മാത്രം ഉപകരാര്‍ ലഭിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. വിജിലന്‍സ് അന്വേഷണം വേണം – എന്നെല്ലാമാണ് പരാതി.