മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ തുറന്നടിച്ച് എം.എൽ.എ പി.വി അൻവർ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും പിവി അൻവര്‍ ആരോപിച്ചു. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു എന്നതാണെന്നും മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചു വിലങ്ങിട്ടുവെന്നും പിവി അൻവര്‍ പറഞ്ഞു. അടിസ്ഥാന തൊഴിലാളികളെ പാവങ്ങളെ സഹായിക്കാനാണ് പാർട്ടി. പാർട്ടി പാർട്ടി എന്നു പറഞ്ഞു ഒന്നും മിണ്ടാൻ പ്രവർത്തകരെ സമ്മതിക്കില്ല.
പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേട്. പാർട്ടിയിൽ അടിമത്തമാണ്. ഉദ്യോഗസ്ഥമേധാവിത്വം ആണ് സർക്കാർ സംഭാവന. പി ശശിയെ കുറിച്ച് നല്ല വാക്ക് പറയാൻ പിണറായിക്കേ കഴിയു. ഈ നിലയിലാണ് പോക്ക് എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പിണറായിയെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണെന്നും ഒരു റിയാസിനു വേണ്ടി മാത്രമല്ല ഈ പാർട്ടിയെന്നും പിവി അൻവര്‍ പറഞ്ഞു. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിർത്താനുള്ള തല്ല പാർട്ടി. മരുമകനു വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണം. ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുകയാണ്.
ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെൻറ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചത്. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയ പ്രശ്നവും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.കണ്ണൂരിലെ സഖാക്കൾക്ക് ഇതിൽ വലിയ വേദനയുണ്ടെന്നും ആ സമയത്ത് മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്ക് പോയെന്നും പിവി അൻവര്‍ ആരോപിച്ചു.