കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്റെയും സോളാര്‍ പവർ പാനലിന്റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വ്വഹിക്കും.ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് 26ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ അധ്യക്ഷതയിലാണ് ഉദ്ഘാടനം. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിൽ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തെ ചൊല്ലി ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നീക്കം. സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്കൂളുമായി കെഎസ്ആർടിസി കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.