രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസ് കമാന്‍ഡന്റായ ഉദ്യോഗസ്ഥന് ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവങ്ങള്‍ ഉണ്ടായത്. ആംഡ് പൊലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന് കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായും പരാതിയില്‍ പറയുന്നു.പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താത്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി. അതേസമയം, ഉദ്യോഗസ്ഥയുടെ പരാതി ഇതുവരെ ലോക്കല്‍ പോലീസില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് അക്കാദമി സ്ഥിതിചെയ്യുന്നിടത്തുള്ള വിയ്യൂര്‍ പോലീസിന്റെ പ്രതികരണം.വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷമാണ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. പിന്നാലെയാണ് ഡയറക്ടര്‍ ആഭ്യന്തര സമിതിക്ക് അന്വേഷണം കൈമാറിയത്.